മൂന്ന് സംസ്ഥാനതല പുരസ്കാരങ്ങളുടെ തിളക്കം; രക്തദാനത്തിന്റെ തിലകക്കുറിയായി കോട്ടയം മെഡിക്കൽ കോളേജ്!


കോട്ടയം: സന്നദ്ധ രക്തദാനരംഗത്തും ആരോഗ്യപരിപാലനത്തിലും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഒക്ടോബർ 1-ന് സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (KSBTC) ഏർപ്പെടുത്തിയ മൂന്ന് പ്രധാന സംസ്ഥാനതല പുരസ്കാരങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിനെ തേടിയെത്തിയത്.

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളിധരനിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിത്ര ജെയിംസ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇ-രക്തകോശ് പോർട്ടലിലെ മികച്ച സംഭാവനയ്ക്കുള്ള രണ്ടാം സ്ഥാനം കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചു.

2025-26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന്റെ ഇ-രക്തകോശ് (E-Raktakosh) പോർട്ടലിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാതാക്കളെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സ്ഥാപനത്തിനുള്ള പുരസ്കാരമാണ് കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചത്. 2025-26 വർഷത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി വിഭാഗത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാതാക്കളെ ഏകോപിപ്പിച്ച് ഉയർന്ന അളവിൽ രക്തശേഖരണം നടപ്പിലാക്കിയതിനുള്ള പുരസ്കാരവും കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചു. രക്തത്തിന്റെ ഉറവിടവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ‘ബ്ലഡ് ബാഗ് ട്രെയ്‌സബിലിറ്റി’ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം മെഡിക്കൽ കോളേജ് വിഭാഗത്തിൽ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനുള്ള പുരസ്കാരവും കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിലും കൃത്യമായ ആസൂത്രണത്തിലൂടെ രക്തബാങ്കിന്റെ പ്രവർത്തനം സുതാര്യമായി കൊണ്ടുപോകുന്നതിലും കോട്ടയം മെഡിക്കൽ കോളേജ് കാട്ടിയ പ്രതിബദ്ധതയ്ക്കുള്ള വലിയൊരു അംഗീകാരമാണ് ഈ മൂന്ന് പുരസ്കാരങ്ങളും. പുരസ്‌കാരങ്ങളുടെ നിറവിൽ സുവർണ്ണ നേട്ടത്തിൽ ആണ് കോട്ടയം മെഡിക്കൽ കോളേജ്. നാടിന്റെ ജീവത്തുടിപ്പുകൾക്ക് കൂട്ടായി നിന്ന സന്നദ്ധ രക്തദാന പ്രവർത്തനങ്ങൾക്കാണ് വീണ്ടും സംസ്ഥാനതല അംഗീകാരങ്ങൾ ലഭിച്ചിരിക്കുന്നത്.