ശബരിമലയുടെ മഹത്വത്തിനും അയ്യപ്പഭക്തരുടെ വിശ്വാസത്തിനും അവമതിപ്പുണ്ടാക്കുന്ന സമീപനം അവസാനിപ്പിക്കുക; തീർത്ഥാടനത്തിന് മുമ്പ് അടിയന്തരമായി എല്ലാ ഒരുക്കങ്


കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കവേ തീർത്ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട നവീകരണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും തയ്യാറെടുപ്പുകളും ഇനിയും വേണ്ടത്ര രീതിയിൽ ആരംഭിച്ചിട്ടില്ല എന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.

ശബരിമലയിലേക്കുള്ള റോഡുകൾ അടിയന്തരമായി നന്നാക്കണം. ആരോഗ്യ സംവിധാനങ്ങളും കുടിവെള്ള സൗകര്യങ്ങളും ശക്തിപ്പെടുത്തണം. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന് പകരം അയ്യപ്പഭക്തരിൽ നിന്ന് അമിത നിരക്കുകൾ ഈടാക്കുന്ന നടപടികളാണ് നടക്കുന്നത്.

കെഎസ്ആർടിസി നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ കാര്യമായ നടപടിയില്ല. 40 ശതമാനത്തിലേറെ അധിക നിരക്ക് ഈടാക്കുന്നതായി ഉയരുന്ന ആക്ഷേപങ്ങൾ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമായ അരവണയും അപ്പവും ഉൾപ്പെടെയുള്ള വഴിപാട് സാധനങ്ങൾ പോലും ലഭ്യമല്ലാത്ത സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല.

ശബരിമലയുടെ കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും പരസ്പരം പഴിചാരുകയാണ്. സർക്കാർ ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തുന്നു, ദേവസ്വം ബോർഡ് സർക്കാരിനെയും. ഈ തർക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട സാധാരണക്കാരായ അയ്യപ്പഭക്തരാണ്. പരസ്പരം സഹകരിച്ചും ഏകോപനത്തോടെ പ്രവർത്തിച്ചും ശബരിമലയുടെ വികസനവും തീർത്ഥാടകരുടെ സൗകര്യങ്ങളും ഉറപ്പാക്കേണ്ട രണ്ട് സ്ഥാപനങ്ങൾ പരസ്പരം പഴിചാരുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുടെ മഹത്വത്തിനും അയ്യപ്പഭക്തരുടെ വിശ്വാസത്തിനും അവമതിപ്പുണ്ടാക്കുന്ന സമീപനം അവസാനിപ്പിക്കുക. തീർത്ഥാടനത്തിന് മുമ്പ് അടിയന്തരമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുക എന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.