സൗദി അറേബ്യയിലെ വാഹനാപകടം: കോട്ടയം സ്വദേശിനികളായ നേഴ്‌സുമാരെ മരണം കവർന്നെടുത്തത് അവധി ദിനത്തിലെ ഷോപ്പിംഗ് യാത്രയ്ക്കിടെ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനു


കോട്ടയം: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട കോട്ടയം സ്വദേശിനികളായ നേഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കോട്ടയം അയർക്കുന്നം കിടങ്ങൂർ സ്വദേശി മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്‌സി മോള്‍ മാത്യു(36), കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോണിയുടെ മകൾ ജോബിന ജോണി(26) എന്നിവരാണ് അപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനികളായ മലയാളികൾ.

കോട്ടയം സ്വദേശിനികളായ 2 നേഴ്സുമാരുൾപ്പടെ 5 പേർക്ക് ആണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റു 2 നേഴ്‌സുമാർ. ഇരുവരും തമിഴ്‌നാട് സ്വദേശിനികളാണ്. വാഹനമോടിച്ചിരുന്ന സൗദി പൗരനായ ഖാലിദ് ആണ് മരണപ്പെട്ട മറ്റൊരാൾ.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്‌ല ക്ലിനിക്കുകളിലെ നഴ്സുമാരായിരുന്നു അവർ. അവധി ദിവസമായിരുന്നതിനാല്‍ ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു ഇവര്‍. 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഇതിനിടെയാണ് അപകടം ഉണ്ടായത്. സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെച്ച് അവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണു വിവരം അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെ.എം.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജെയ്‌സിമോൾ മാത്യുവിന്റെ സംസ്കാരം കിടങ്ങൂർ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയിലും ജോബിന ജോണിയുടെ സംസ്‍കാരം വേദഗിരി സെന്റ് മേരീസ് പള്ളിയിലും നടത്തും. അപകടവാർത്തയുടെ ഞെട്ടലിലാണ് സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും. ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരാണ് ജെയ്‌സി മോളുടെ മക്കൾ.