കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടം ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നെന്ന ഡ്രൈവറുടെ വാദം തള്ളി പൊലീസ്.
ബ്രേക്ക് കിട്ടിയില്ലെന്ന് ആണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. എന്നാൽ ബസ്സിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നില്ല എന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബസിന്റെ ബ്രേക്കിനു തകരാറുണ്ടായിരുന്നില്ല, അപകടം അമിതവേഗതയെ തുടര്‍ന്നെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരണപ്പെട്ടത്. അപകടത്തിൽ 4 സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ ആണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന തണ്ടപ്ര ബസ്സാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലെത്തിയ ബസ്സ് റോഡിനു സമീപത്തെ ബാരിക്കേഡും തകർത്ത് ഫുട്പാത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ 5 പേർ ബസ്സിനടിയിൽപ്പെടുകയായിരുന്നു.
ചന്തക്കവലയ്ക്കു സമീപത്തെ ഗോൾഡ് കവറിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചന്തക്കവലയിലെ സ്വകാര്യ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാരിയായ ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46), ഏറ്റുമാനൂർ കുടുംബ കോടതിയിലെ ജീവനക്കാരിയായ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54), ചന്തക്കവലയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നത്.
ശ്രീകുമാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജയ കാരിത്താസ് ആശുപത്രിയിലും അനുമോൾ സുരേഷ്, എ.കെ.സുനി എന്നിവർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. യാത്രക്കാർ കൂട്ടമായി ബസ്സ് കയറുന്നതിനായി നിൽക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ചന്തക്കവല ഭാഗത്ത് സ്ഥിരം അപകട മേഖലയാണെന്നും സുരക്ഷാ സംവിധാനങ്ങളും പോലീസ് പരിശോധനകളും ശക്തമാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.