കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30,84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഇതോടെ ടോമിൻ തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചു.
കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു തച്ചങ്കരി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വരുമാനം കണക്കാക്കിയതിൽ വലിയ പിഴവുകൾ വരുത്തിയെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം.
വരുമാന സ്രോതസ്സുകൾ പലതും അന്വേഷണസംഘം പരിഗണിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ തെറ്റായ കണക്കിന്റെ അടിസ്ഥാനത്തിലാണു വിചാരണക്കോടതി വിധി പ്രസ്താവിച്ചത് എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വാടകയിനത്തിൽ ലഭിച്ച യഥാർഥ വരുമാനം കണക്കിലെടുത്തില്ല എന്നും ഭാര്യയ്ക്ക് ബിസിനസ്, കൃഷിഭൂമി എന്നിവയിൽനിന്നു ലഭിച്ച വരുമാനവും ഭൂമി വില്പനകൾ നടത്തിയതും രേഖകൾ നൽകിയിട്ടും അവഗണിച്ചെന്നും ഹൈക്കോടതിയെ അറിയിച്ചു.
ഇവയെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതും കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ചതും. 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.