കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയം നവീകരണത്തിന് 66 കോടിയുടെ പദ്ധതി; കടകളില്‍ നിന്ന് ഒഴിയാന്‍ വ്യാപാരികള്‍ക്ക് നഗരസഭ നോട്ടീസ് നൽകിത്തുടങ്ങി.


കോട്ടയം: വർഷങ്ങളായി പരാതികൾക്കിടനൽകിയിരുന്ന കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയം നവീകരിക്കാൻ നടപടിക്കൊരുങ്ങി കോട്ടയം നഗരസഭ.

നാഗമ്പടം നെഹ്റു സ്റ്റേഡിയം നവീകരണത്തിന് 66 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി സ്റ്റേഡിയം കോംപ്ലക്‌സിലെ കടകൾ ഒഴിഞ്ഞു നൽകാൻ വ്യാപാരികള്‍ക്ക് നഗരസഭ നോട്ടീസ് നൽകിത്തുടങ്ങി. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സ്റ്റേഡിയത്തിന്റ പരിതാപകരമായ അവസ്ഥയും വികസന മുരടിപ്പും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. 

കഴിഞ്ഞ കുറച്ചുകാലമായി ഈ സ്റ്റേഡിയം പൂർണ്ണമായും കാടുപിടിച്ചും, വെള്ളക്കെട്ടുണ്ടായും കായിക വിനോദങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സാമൂഹിക വിരുദ്ധരുടെ താവളമായി ഇത് മാറി എന്ന പരാതിയും ഉയർന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നഗരസഭ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു.