എരുമേലി: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ എരുമേലി ഗ്രാമപഞ്ചായത്തും എരുമേലി തെക്ക് വില്ലേജ് ഓഫീസും വിഭജിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നു. വിസ്തൃതിയിലും ജനസംഖ്യയിലും ഏറെ മുന്നിലുള്ള എരുമേലിയിൽ വിഭജനം നടപ്പായാൽ കിഴക്കൻ മേഖലയ്ക്ക് വികസനക്കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോര മേഖലകളിലുൾപ്പടെയുള്ള നാട്ടുകാർ.
പഴയിടം മുതൽ ശബരിമല വനാതിർത്തിയോട് ചേർന്ന മൂലക്കയം വരെ വിസ്തൃതിയിൽ 43 കിലോമീറ്റർ നീളുന്ന വിശാലമായ ഭൂപ്രദേശമാണ് എരുമേലിയുടേത്. 1953ലാണ് എരുമേലി പഞ്ചായത്ത് നിലവിൽ വന്നത്. എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ പരിധി ഇത്രയേറെ വ്യാപിച്ചതോടെ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങൾക്കുപോലും വലിയ യാത്രാ ദുരിതമാണ് നേരിടേണ്ടിവരുന്നത്. കെട്ടിടനികുതി അടയ്ക്കാനും ഭൂനികുതി അടയ്ക്കാനും ഉൾപ്പടെ മറ്റ് ആവശ്യങ്ങൾക്കുമായി ഗ്രാമപ്രദേശങ്ങളിൽനിന്ന് ബസിൽ കയറി ഓഫീസിലെത്തണം.
ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ പരിചയമില്ലാത്തവർക്ക് ഈ യാത്ര ഒഴിവാക്കാനുമാകില്ല. മലയോര മേഖലകളിൽ നിന്നുള്ളവർ രാവിലെ പഞ്ചായത്ത്-വില്ലേജ് ഓഫീസിലെത്തിയാൽ ആവശ്യങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോഴേക്കും വൈകുന്നേരമാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ജനങ്ങൾക്കു മാത്രമല്ല ഇത്രയും വിശാലമായ പ്രദേശത്തെ ഭരണനിർവഹണം നടത്തേണ്ട പഞ്ചായത്ത്-വില്ലേജ് ഓഫീസ് ജീവനക്കാരും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമായി എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ദീർഘകാലമായിട്ടുള്ള ആവശ്യം. ഇതിനൊപ്പം എരുമേലി തെക്ക് വില്ലേജ് ഓഫീസും വിഭജിക്കണം എന്ന ആവശ്യവും ഉയരുകയാണ്. ഇത്തരത്തിൽ വിഭജനം നടപ്പിലായാൽ ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും എരുമേലിയുടെ കിഴക്കൻ മേഖലയിലെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകാനും കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
എന്നാൽ വർഷങ്ങളായി ഉയരുന്ന ഈ ആവശ്യത്തിന് ഭരണാധികാരികൾ വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് വിഭജനത്തിനുള്ള നീക്കങ്ങൾ നേരത്തേ നടന്നിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിക്കാൻ സർക്കാർ തീരുമാനമെടുത്തതിനെത്തുടർന്ന് ജീവനക്കാർ വലിയ പരിശ്രമം നടത്തി വാർഡുകൾ തിരിച്ച് വിഭജനത്തിനുള്ള രൂപരേഖയും തയ്യാറാക്കി. എന്നാൽ നടപടികൾ മുന്നോട്ടുപോയില്ല. വിഭജനത്തിനായി ജീവനക്കാർ നടത്തിയ പരിശ്രമങ്ങൾ ഫലം കാണാതെ പോയി.
അതേസമയം വിസ്തൃതി കൂടുതലുള്ള വില്ലേജ് ഓഫീസുകൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി തെക്ക് വില്ലേജ് ഓഫീസിലെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസർ അഷറഫ് ചക്കാലയിൽ ഓഫീസ് നേരിടുന്ന പ്രതിസന്ധികളും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ച് കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. 9262.6770 ഹെക്ടർ വിസ്തൃതിയിലായി ഏഴ് സർവേ നമ്പറുകൾ, 40,173 തണ്ടപ്പേരുകൾ എന്നത് എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനഭാരം വ്യക്തമാക്കുന്നതാണ്.
കോട്ടയം ജില്ലയുടെ ഭാഗമായ എരുമേലി- പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്. ഇത്രയേറെ വിശാലമായ പ്രദേശത്തിന്റെ ഭരണപരമായ ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ നിലവിലെ സംവിധാനത്തിന് എത്രത്തോളം കഴിയുമെന്ന ചോദ്യവും ഇതോടെ ഉയരുന്നു. ശബരിമലയുടെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന എരുമേലിയെ ടൗൺഷിപ്പായും,മുനിസിപ്പാലിറ്റിയായും പ്രഖ്യാപിച്ചിരുന്നു. പിന്നീട് എരുമേലിയെ വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് വിജ്ഞാപനം ചെയ്തു.
എന്നാൽ ടൗൺഷിപ്പും മുനിസിപ്പാലിറ്റിയും പ്രഖ്യാപനത്തിൽ മുങ്ങിപ്പോകുകയായിരുന്നു. പഞ്ചായത്തും വില്ലേജ് ഓഫീസും വിഭജിക്കണമെന്ന ആവശ്യം യാഥാർഥ്യമായാൽ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതിനൊപ്പം കിഴക്കൻ മേഖലയിലെ വികസനത്തിനും പുതിയ വേഗം കൈവരിക്കാനാകും. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം സർക്കാർ പരിഗണിക്കുമോ എന്നും മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് എന്ന സ്വപ്നം യാഥാർഥ്യമാകുമോ എന്നുമുള്ള കാത്തിരിപ്പിലാണ് മേഖലയിലെ ജനങ്ങൾ.