മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ പോലീസ് വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്ന് പരാതി, യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ


ഈരാറ്റുപേട്ട: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ പോലീസ് വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്ന് പരാതി. സംഭവത്തിൽ കെഎസ്ഇബി കരാർ മസ്ദൂർ തൊഴിലാളിയായ പൂഞ്ഞാർ പെരുങ്ങുളം പൂവത്തുങ്കൽ വീട്ടിൽ അഭിലാഷ് (33) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം. പട്ടികവർഗ ഊരാളി സമുദായത്തിൽപ്പെട്ട അഭിലാഷിനെ വീട്ടിലെത്തിയ അഞ്ചുപേർ വാതിൽ ചവിട്ടിത്തുറന്ന് കട്ടിലിൽനിന്ന് വലിച്ചെഴുന്നേൽപ്പിച്ച് മർദിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്നു സഹോദരൻ പറഞ്ഞു. വാഹനത്തിലേക്ക് കയറ്റുന്നതിനിടെയും വാഹനത്തിൽ വെച്ചും മർദിച്ചു അവസാനക്കുകയായിരുന്നു എന്നും സഹോദരൻ പരാതിപ്പെടുന്നു. സ്റ്റേഷനിൽ എത്തിച്ചപ്പോഴും മർദിച്ചു എന്നും സഹോദരൻ പറഞ്ഞു.

പരാതി പറഞ്ഞാല്‍ കെഎസ്ഇബിയുടെ കമ്പി മോഷ്ടിച്ചുവെന്ന് കേസെടുത്ത് ജയിലിനകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പി ക്കും പരാതി നല്‍കിയതായി അഭിലാഷിന്റെ സഹോദരന്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അഭിലാഷിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പൂഞ്ഞാർ കെഎസ്ഇബി ഓഫീസിൽ നടന്ന കമ്പി മോഷണത്തിന്റെ കാര്യങ്ങൾ ചോദിച്ചറിയാനാണ് അഭിലാഷിനെ പോലീസ് വിളിച്ച് കൊണ്ടുപോന്നതെന്നും വീട്ടിലെത്തിയത് എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണെന്നും പാലാ ഡിവൈഎസ്പി പറഞ്ഞു. ഡാന്‍സാഫ് സംഘം കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചെറുത്തതിനെ തുടര്‍ന്ന് ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു പറഞ്ഞു. വഴിയില്‍വെച്ച് എസ് ഐയെയും സംഘത്തെയും കണ്ടതോടെ യുവാവിനെ അവര്‍ക്ക് കൈമാറി പോലീസ് ജീപ്പിലേക്ക് മാറ്റി. തുടര്‍ന്ന് എസ് ഐ. യുവാവിനെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിക്കുമ്പോള്‍ യുവാവിന് പരുക്കുകളോ പരാതിയോ ഇല്ലായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കമ്പി മോഷണം നടന്നു എന്നുപറയുന്ന ദിവസം അഭിലാഷ് കട്ടപ്പനയിൽ കെഎസ്ഇബിയുടെ കരാർ ജോലിയിൽ ആയിരുന്നതായി സഹോദരൻ രാജീവ് പറഞ്ഞു. എല്ലാവർക്കും ഉപകാരിയും നാളിതുവരെ യാതൊരുവിധ സ്വഭാവദൂഷ്യവും കേൾക്കാത്ത വ്യക്തിയുമാണ് അഭിലാഷെന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗവും സാക്ഷ്യപ്പെടുത്തുന്നു. മൊഴി നല്‍കിയ ശേഷം സ്റ്റേഷനില്‍ നിന്ന് മടങ്ങിയ യുവാവ് വൈകുന്നേരത്തോടെയാണ് മര്‍ദനമേറ്റെന്ന്കാട്ടി ആശുപത്രിയിലെത്തിയത്. പി ആര്‍ ഒ യുടെ മുറിയിലിരുന്നാണ് എസ് ഐ യുവാവുമായി സംസാരിച്ചതെന്നും പോലീസ് സ്റ്റേഷനിലെ മുഴുവന്‍ കാര്യങ്ങളും അവിടെയുള്ള സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഊരാളി സമുദായസംഘടന പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.