കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ മർദനം നിഷേധിച്ച് ജില്ലാ പോലീസ് മേധാവി. പൂഞ്ഞാർ പെരുങ്ങുളം പൂവത്തുങ്കൽ വീട്ടിൽ അഭിലാഷ് (33)നെ ആണ് പോലീസ് മർദിച്ചെന്നു കട്ടി സഹോദരങ്ങൾ പരാതി നൽകിയിരിക്കുന്നത്.
പോലീസ് യുവാവിനെ മർദിച്ചിട്ടില്ലെന്നും കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ ചെറുത്തു നിന്നതിനെ തുടർന്ന് ബലപ്രയോഗം മാത്രമാണ് നടന്നതെന്നും ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു പറഞ്ഞു. കാറിലെത്തിയ പോലീസ് സംഘം യുവാവിനെ കാറിൽ കയറ്റി കൊണ്ട് പോകുകയും വഴിയിൽ എസ്.ഐയെയും സംഘത്തെയും കണ്ടതോടെ യുവാവിനെ ജീപ്പിൽ കയറ്റി കൈമാറുകയുമായിരുന്നു.
വീട്ടിൽ വെച്ചോ കാറിനുള്ളിലോ ജീപ്പിൽ വെച്ചോ സ്റ്റേഷനിലോ യുവാവിനെ പോലീസ് സംഘം മർദിച്ചിട്ടില്ല എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഈരാറ്റുപേട്ടയിൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്റ്റേഷനിൽ എത്തിച്ചതെന്നും സ്റ്റേഷനിൽ എത്തിയ സമയത്തോ തിരികെ പോയ സമയത്തോ പരിക്കുകളോ മർദ്ധനമോ ഏറ്റിട്ടില്ല എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പോലീസ് സ്റ്റേഷനിലെ മുഴുവൻ കാര്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുള്ളതാണ്. പിആർഓ യുടെ റൂമിലിരുന്നാണ് പോലീസ് യുവാവിൽ നിന്നും നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞത്. മൊഴി നൽകിയ ശേഷം സ്റ്റേഷനിൽനിന്ന് മടങ്ങിയ യുവാവ് വൈകുന്നേരത്തോടെയാണ് മർദ്ധനമേറ്റു എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.