അറബിക്കടലിൽ ന്യൂന മർദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായും ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു.

ഇന്ന് (ഒക്ടോബർ 25-ന്) അതിതീവ്ര  ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26-ന് രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറാനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുകയും ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ  ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള  മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (ഒക്ടോബർ 25) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.