കോട്ടയം: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം പൂർണമായും ഉറപ്പാക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില കമ്പനികളുടെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണത്തിനു പിന്നിൽ ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിലേക്ക് ഗുണനിലവാരമുള്ള മരുന്നുകൾ മാത്രം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.