വൈക്കം: നിർദ്ദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലം യാഥാർത്ഥ്യത്തിലേക്ക്.
പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. പാലാ ഈ മാസം തന്നെ നാടിനു സമർപ്പിക്കുമെന്നാണ് കരുതുന്നത്. ഇതോടെ യാഥാർഥ്യമാകുന്നത് ഒരു നാടിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ്. വേമ്പനാടു കായലിനു കുറുകെ ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലം 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാഥാർഥ്യമാകുന്നത്.
പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായതിനു പിന്നാലെ സമീപന റോഡുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. നേരേകടവിൽ 120 മീറ്ററും മാക്കേക്കടവിൽ 90 മീറ്ററും വരുന്ന അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലത്തിലെ പെയിന്റിങ്, കൈവരികൾ, ഇരുവശങ്ങളിലെയും നടപ്പാതകൾ എന്നിവയുടെ നിർമാണം പൂർത്തിയായി.
മാക്കേക്കടവിൽ നടപ്പാതയിലേക്കുള്ള ചവിട്ടുപടികളുടെ നിർമാണവും സമീപന റോഡുമായി പാലം ചേരുന്ന ഭാഗത്തെ കരിങ്കൽ കെട്ടും പുരോഗമിക്കുന്നു. നേരേകടവിലെ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറുകളും പൂർത്തിയായി. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. 800 മീറ്റർ നീളവും 11.23 മീറ്റർ വീതിയുമുള്ള പാലത്തിന് സംസ്ഥാന സർക്കാർ 98.09 കോടി രൂപയാണ് ചെലവഴിക്കുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഏഴ് വർഷത്തോളം നിർമാണം തടസ്സപ്പെട്ടിരുന്നു.
2023ൽ നിർമാണം പുനരാരംഭിച്ചതോടെയാണ് പദ്ധതി വേഗത്തിലായത്. പാലം ഒക്ടോബർ പകുതിയോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പാലം തുറക്കുന്നതോടെ തണ്ണീർമുക്കം ബണ്ടിലൂടെ ചുറ്റിത്തിരിഞ്ഞുള്ള യാത്ര ഒഴിവാക്കാനും വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രാദൂരം കുറയ്ക്കാനും സാധിക്കും. നിലവിൽ നേരേകടവിൽ ഇരുചക്രവാഹനങ്ങൾക്കും യാത്രക്കാർക്കുമായി ചങ്ങാട സർവീസാണ് പ്രധാന ആശ്രയം.
പാലം യാഥാർഥ്യമാകുന്നതോടെ വൈക്കം മേഖലയിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രക്കാർക്കും ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുന്ന പാതയാണ് പാലം തുറന്നു കൊടുക്കുന്നതോടെ യാഥാർഥ്യമാകുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച് മാസമാണ് പുനരാരംഭിച്ചിത്.
നിർമ്മാണം പൂർത്തിയായതോടെ നിരവധിപ്പേരാണ് പാലവും മനോഹരമായ കായൽക്കാഴ്ചകളും കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. സൂര്യോദയവും അസ്തമയവും കാണാനും പ്രഭാത സവാരിക്കായും ധാരാളമാളുകൾ ഇപ്പോൾ ഇവിടേക്കെത്താറുണ്ട്. ഞായറാഴ്ച ധാരാളമാളുകളാണ് കാഴ്ചകൾ കാണാനായി എത്തിയത്.