താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, വിവാഹം കഴിഞ്ഞ് ഉണ്ണാൻ എത്തിയ അതിഥികൾക്ക് ഭക്ഷണമില്ല, മുണ്ടക്കയത്തും കോട്ടയത്തും കാറ്ററിങ് സ്ഥാപനത്തിന്റെ തട്ട


കോട്ടയം: വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് കേറ്ററിം​ഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ. കോട്ടയം മുണ്ടക്കയം ചോറ്റി ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹത്തിലാണ് ഭക്ഷണം എത്തിക്കാതെ കേറ്ററിം​ഗുകാർ പണവുമായി മുങ്ങിയത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം​ഗ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഏറെ നേരമായിട്ടും ഭക്ഷണം എത്താത്തതോടെ ബന്ധുക്കൾ സമീപത്തെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം വാങ്ങി അഥിതികൾക്ക് നൽകി. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണം, സ്റ്റേജ് എന്നിവയ്ക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയിരുന്നത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇതേ കാറ്ററിം​ഗ് ഗ്രൂപ്പിന് തന്നെയായിരുന്നു നൽകിയിരുന്നത്. തലേദിവസത്തെ ഭക്ഷണം കൃത്യമായി വീട്ടിൽ എത്തിച്ചിരുന്നു.

സ്റ്റേജും സൗണ്ട് സിസ്റ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കരാറുകാർ മറ്റ് ചില വ്യക്തികളെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ വിവാഹച്ചടങ്ങ് സമയമായിട്ടും വെൽക്കം ഡ്രിങ്ക് ഉൾപ്പെടെയുള്ള പ്രധാന ഭക്ഷണങ്ങൾ ഒന്നും തന്നെ സ്ഥലത്ത് എത്തിയിരുന്നില്ല. കരാറുകാരുമായി ബന്ധപ്പെട്ടപ്പോൾ ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപ്പെട്ടുവെന്നും മറ്റൊരു വാഹനത്തിൽ ഭക്ഷണം ഉടൻ തന്നെ എത്തിക്കുമെന്നുമായിരുന്നു മറുപടി. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്ന് അറിയിക്കുകയുമായിരുന്നു.

മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിന് 1.4 ലക്ഷം രൂപയാണ് കേറ്ററിം​ഗുകാർ വാങ്ങിയത്. എന്നാൽ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ സമീപത്തെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ച് ആളുകൾക്ക് നൽകി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയം കേറ്ററിംഗ് സ്ഥാപനത്തിനും അതിന്റെ ഉടമ വിഷ്ണുവിനുമെതിരെയാണ് വധുവിന്റെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. ഇൻഫ്ലുവൻസർമാരെ അടക്കം ഉപയോഗിച്ചാണ് ഉദയം കാറ്ററിംഗ് സ്ഥാപനം പരസ്യം ചെയ്തത്. മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ ആണ് വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്.