കോട്ടയം: ഓണാഘോഷത്തിന് പിന്നാലെ അമേരിക്കൻ മലയാളികളെ ഞെട്ടിച്ച ഇരട്ടക്കൊലപാതക വാർത്തയിൽ അരുംകൊലയ്ക്ക് പിന്നിലെ പ്രകോപനമെന്തെന്നറിയാതെ മരണപ്പെട്ട യുവതികളുടെ ബന്ധുക്കൾ. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആനി (35) എന്നിവർ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശിനി മാറാമറ്റം വീട്ടിൽ അനിലയാണ് അറസ്റ്റിലായിരിക്കുന്നത്. മൂവരും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. യാത്രകളും ആഘോഷങ്ങളും ഒന്നിച്ചു നടത്തിയവർക്കിടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും മറ്റു സുഹൃത്തുക്കളും. കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊലയ്ക്ക് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

മിൽപീറ്റസിലെ ഒരു അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് കൊല്ലപ്പെട്ട രണ്ടുപേരും പ്രതിയായ അനിലയും താമസിച്ചിരുന്നത്. പ്രതിയായ അനില, ആൻ മേരിയെ അപ്പാർട്ട്‌മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് താഴെയെത്തി അഞ്ജനയെ അപ്പാർട്ട്‌മെന്റിന് പുറത്തേക്ക് വിളിച്ചിറക്കി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണു വിവരങ്ങൾ. വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നവരും ഒന്നിച്ച് യാത്രകളും ആഘോഷങ്ങളും നടത്തിയിരുന്നവരുമായ ഇവർക്കിടയിൽ പെട്ടെന്ന് ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ സന്തോഷത്തോടെ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനില പങ്കെടുത്തിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആന്‍ മേരി പത്തുവര്‍ഷത്തോളമായി എന്‍ജീനീയറായി യുഎസില്‍ ജോലി ചെയ്തുവരികയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ പള്ളത്ര ജേക്കബാണ് ഭര്‍ത്താവ്. കലിഫോര്‍ണിയയിലെ സ്കൂളില്‍ ആറുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരികയാണ് തൃശൂര്‍ സ്വദേശിയായ അഞ്ജന. ഭര്‍ത്താവ് വിജേഷും യുഎസില്‍ ഇവര്‍ക്കൊപ്പമാണുള്ളത്. അനില ഇവര്‍ക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
