മുണ്ടക്കയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഷനിലായ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തു.

കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ പുഞ്ചവയൽ ഇലവുങ്കൽ വീട് അരുൺ കുമാറി(46)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുണ്ടക്കയം പോലീസിൽ ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. തുടർന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി അരുൺകുമാറിനെ റിമാൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ ഒരു വനിതാ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. ഈ വനിതാ ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. സസ്‌പെന്‍ഷനില്‍ തുടരവേയാണ് പുതിയ പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലാവുന്നത്. പ്രതിയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 11 വയസ്സുകാരിയായ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
