മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കം.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാർഥനയോടെയാണ് നോമ്പ് ആചരണത്തിന് തുടക്കമായത്. സന്ധ്യാപ്രാർഥനയെത്തുടർന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ ചുറ്റുവിളക്ക് തെളിച്ചു.

നേർച്ച കഞ്ഞി, വിൽപ്പന ക്യാന്റീൻ, മാനേജ്മെന്റ് ക്യാൻ്റീൻ എന്നിവടങ്ങളിലേക്ക് വൈദികർ കൽക്കുരിശിൽനിന്ന് ദീപം പകർന്നു നൽകി. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികർ നിർവഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റുമിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു നിർവഹിച്ചു.
മണർകാട് കത്തീഡ്രലിൽ ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന-അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ്. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന-സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ 30-ാമത് ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും. കുർബാനയ്ക്ക് ശേഷം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2027ലെ കലണ്ടർ പ്രകാശനം ചെയ്യും. രാവിലെ 11ന് പ്രസംഗം - തോമസ് മോർ അലക്സന്ത്രയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര. 2.30ന് പ്രസംഗം - ഫാ. സഖറിയാ വിനു വാക്യത്തറ. 4.30ന് കൊടിമരം ഉയർത്തൽ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം - കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീം.
