കോട്ടയം: അമേരിക്കയിൽ കലിഫോർണിയയിലെ കോട്ടയം-തൃശൂർ സ്വദേശിനികളായ യുവതികളുടെ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ അമേരിക്കൻ മലയാളികളും നാട്ടുകാരും. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതിമാരുടെ മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആൻ മേരി (40) എന്നിവർ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ സ്വദേശിനി മാറാമറ്റം വീട്ടിൽ അനിലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന ജിജി മാത്യുവിന്‍റെയും ബെസി ടി.മാത്യുവിന്‍റെയും രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളാണ് ആന്‍മേരി മാത്യു. ബെംഗളൂരുവിൽ നിന്നും ആന്‍മേരി മാത്യു ഭര്‍ത്താവ് ജേക്കബിനൊപ്പം കലിഫോര്‍ണിയയിലേക്ക് എത്തിയത് പുതിയ സ്വപ്നങ്ങളുമായായിരുന്നു. അനിലയുമായുമായും അഞ്ജനയുമായും ആന്‍ സൗഹൃദത്തിലാകുന്നത് ഇവിടെ ഒരേ ഫ്ലാറ്റിൽ ഒരുമിച്ചു താമസിക്കുമ്പോഴാണ്.

തന്റെ ഉറ്റസുഹൃത്തുക്കളായ ഇരുവരെയും ആൻ ഇപ്പോഴും ചേർത്തു പിടിച്ചിരുന്നു. എവിടെപ്പോയാലും ആഘോഷങ്ങളിലും സിനിമ കാണുന്നതും ഉൾപ്പടെ ഇവർ മൂവരും ഒരുമിച്ചായിരുന്നു. കലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കാനും അതിനായി ഒരു വീട് വാങ്ങാനും ആന്‍ തീരുമാനിച്ചിരുന്നു. മാസങ്ങള്‍ പണം സ്വരൂക്കൂട്ടി വീടും വാങ്ങി വലിയ സന്തോഷത്തിലായിരുന്നു ആനും ഭര്ത്താവും. സാന്‍ ഹോസെയില്‍ കൂട്ടുകാരുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഉടന്‍ മാറുമെന്ന് അച്ഛനെയും വിളിച്ചറിയിച്ചിരുന്നു. എന്നാൽ തന്റെ സ്വപ്നങ്ങളിലേക്ക് കാലെടുത്തു വെയ്ക്കും മുൻപ് ഉറ്റസുഹൃത്ത് ആനിന്റെ ജീവനെടുക്കുകയായിരുന്നു. ആന്‍മേരി മാത്യുവിനെ ഫ്ളാറ്റിലെ മുറിയില്‍ വെച്ചു കുത്തിക്കൊലപ്പെടുത്തുകയും അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. അച്ഛനെയും അനുജത്തിയേയും എന്നും വിളിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തിരുന്ന ആനിന്റെ വിയോഗം വിശ്വസിക്കാനാകാതെ സങ്കടത്തിൽ ഉലയുകയാണ്. രണ്ടുദിവസത്തിനകം മൃതദേഹം യുഎസ് പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയേക്കുമെന്നും തുടര്‍ന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച നടന്ന ഓണാഘോഷത്തില്‍ സന്തോഷത്തോടെ ആന്‍ മേരിക്കും അഞ്ജനയ്ക്കുമൊപ്പം പ്രതിയായ അനില പങ്കെടുത്തിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ആന്‍ മേരി പത്തുവര്‍ഷത്തോളമായി എന്‍ജീനീയറായി യുഎസില്‍ ജോലി ചെയ്തുവരികയാണ്. കോട്ടയം ചിങ്ങവനം സ്വദേശിയായ ള്ളത്തറ വീട്ടിൽ ജേക്കബ്ബ് ആണ് ഭർത്താവ്. ആൻഡ്രീന (12), അലീസ (5) എന്നിവരാണ് മക്കൾ. അബന മാർത്താ മാത്യുവാണ് ആനിന്റെ സഹോദരി. സഹോദരിയും കുടുംബവും മസ്കറ്റിലാണ് താമസിക്കുന്നത്. 2025ലും അനിലയും അഞ്ജന ഹരിയും ആൻ മേരി മാത്യൂവും ഒരുമിച്ചാണ് ഓണം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആൻ മേരി മാത്യൂവിന്റെ യൂടൂബ് ചാനലിലുണ്ട്. ഈ വർഷത്തെ ഓണാഘോഷത്തിന്റെ വീഡിയോകൾ തന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ ഉറ്റസുഹൃത്ത് ജീവനെടുക്കുകയായിരുന്നു. 'ആനി' എന്ന ഈ യൂടൂബ് ചാനലിൽ ആൻ തന്റെ മകളുടെ പാചക പരീക്ഷണങ്ങളും മറ്റുമാണ് പ്രധാനമായും അപ്‌ലോഡ‍് ചെയ്തിരിക്കുന്നത്. മകൾക്കൊപ്പം സംസാരിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും ആൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
