കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയ് ജോസ് മാരേട്ടിനെ കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ് പ്രഖ്യാപിച്ചതായി പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അറിയിച്ചു.
തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറായിരുന്ന വിനു ജോബ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി അസംബ്ലി മണ്ഡലത്തിൻ്റെ എംഎൽഎയായ് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് സീറ്റിൽ ഒഴിവുണ്ടായത്. കേരളാ കോൺഗ്രസ് പാർട്ടി മത്സരിച്ച ഡിവിഷൻ എന്ന നിലയിലാണ് പാർട്ടിയുടെ തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടുള്ളതെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് വ്യക്തമാക്കി.
തൃക്കൊടിത്താനം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച വിജയ് ജോസ് മാരേട്ട് കേരളാ കോൺഗ്രസ് പാർട്ടിയുടെ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പൊൾ പ്രവർത്തിച്ചു വരികയാണ്. കേരളാ യൂത്ത് ഫ്രണ്ടിൻ്റെ സംസ്ഥാന നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. കെ.എസ്.സി യിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന വിജയ് ജോസ് മാരേട്ട് കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണി മന്ത്രിസഭാംഗമായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായും പാർട്ടി ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
എന്നാൽ കെ.എം മാണിയുടെ മരണ ശേഷം പാർട്ടിയിലെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് പോകാനുള്ള നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മാറി നിന്ന പ്രവർത്തകരോടൊപ്പമാണ് വിജയ് ഉൾപ്പെടെയുള്ള യുവ നേതാക്കൾ നിലപാടെടുത്തത് എന്നും പിന്നീട് കൈക്കൊണ്ട രാഷ്ട്രീയ തീരുമാനപ്രകാരം യുഡിഎഫിൽ നിലകൊള്ളുന്ന കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ നേതൃത്വം അംഗീകരിച്ചുകൊണ്ട് ഭാവി രാഷ്ട്രീയത്തിൽ മുന്നോട്ട് പോകുവാൻ ഉറച്ചനിലപ്പാടെടുത്ത ഒരുപറ്റം യുവ നേതാക്കൾക്ക് നേതൃത്വം കൊടുത്തത് വിജയ് ജോസ് മാരേട്ടായിരുന്നു എന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ലയിലെ സജീവ പ്രവർത്തകരിലൊരാളായി വിജയ് ജോസ് മാരേട്ട് വർഷങ്ങളായി മുന്നോട്ട് പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച വിജയ് ജോസ് മാരേട്ടിനു കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫും വിവിധ നേതാക്കളും സ്ഥാനാർഥിയെ ഷാൾ അണിയിച്ച് അനുമോദിച്ചു.