മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന തിരുനട തുറക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്ന് ഉച്ച നമസ്കാരത്തിന് ശേഷമാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്. വിശുദ്ധ കുർബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷം നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലും തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയർക്കാൽ വികാരിയും എം.എസ്.ഒ.ടി. സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു.
അനുഗ്രഹവർഷം ചൊരിയുന്ന തിരുസ്വരൂപം ഒരുനോക്ക് കണ്ട് പ്രാർത്ഥിക്കുവാനും നേർച്ചകൾ അർപ്പിക്കുവാനുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പള്ളിമുറ്റത്തും പരിസരത്തുമായി തടിച്ചുകൂടിയിരിക്കുന്നത്. സെപ്റ്റംബർ 14 വരെ വിശ്വാസികൾക്ക് തിരുനടയിൽ ദർശനം നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.