കോട്ടയം: സംസ്ഥാനത്ത് കോട്ടയം ജില്ലയിലുൾപ്പടെ ചൂട് കൂടുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പകൽ താപനില പ്രതിദിനം ഉയരുകയാണ്. വേനൽക്കാല മാസങ്ങളായ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിലേതുപോലുള്ള ചൂടാണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പകൽ പുറത്തിറങ്ങാനാകാത്ത വിധമുള്ള അസഹനീയമായ ചൂടാണ് ജില്ലയിലുൾപ്പടെ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ താപനില (സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.