പാലാ: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.
നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേഷ് മേനോനാണ് മാണി സി കാപ്പനെതിരെ പരാതി നൽകിയത്. 2013-ൽ നൽകിയ നാല് ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. 4 ചെക്കു കേസുകളിൽ ഓരോ വർഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്‌ഷൻ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്.
ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. തുക അടച്ചു തീർക്കുന്നതുവരെ പ്രതിവർഷം 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഈ തുക നൽകണം. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ.
ഇതിനും പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം നൽകേണ്ടതുണ്ട്. തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്ക്കേണ്ട ഈ തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം.
നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.