കോട്ടയത്ത് 15 പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി, ആർപ്പൂക്കര പഞ്ചായത്ത് നിയോഗിച്ച ഡോഗ് ക്യാച്ചറാണ് അമ്പലക്കവലയിൽ നിന്ന് നായയെ പിടികൂടിയത്.


കോട്ടയം: കോട്ടയത്ത് 15 പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലക്കവല, പനമ്പാലം, അങ്ങാടി, കുടമാളൂർ, തിരുവാറ്റ, വാരിശേരി, ചുങ്കം മേഖലകളിൽ പതിനഞ്ചോളം പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റത്.

മേഖലയിൽ ജനത്തെ ആക്രമിച്ച നായയെയാണ് ആർപ്പൂക്കര പഞ്ചായത്ത് നിയോഗിച്ച ഡോഗ് ക്യാച്ചർ അമ്പലക്കവലയിൽ നിന്ന് പിടികൂടിയത്. പിടികൂടിയ തെരുവുനായയെ കോട്ടയത്തെ എബിസി കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വർക്ക്ഷോപ്പ് ജീവനക്കാരനും ഇരുചക്ര വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.

വർക്ക്‌ ഷോപ്പ് അടച്ച് വേളൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ശ്രീനാഥിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും നായയെ പിടികൂടാൻ നാട്ടുകാരും അധികൃതരും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.