വൈക്കം: മൂവാറ്റുപുഴയാറിനേ മാലിന്യ മുക്തമാക്കൂ എന്ന സന്ദേശവുമായി വൈക്കം ഉദയനാപുരത്ത് പുഴ സംരക്ഷണ സന്ദേശവുമായി മൂവാറ്റുപുഴയാർ നീന്തിക്കടന്നത് മൂന്നര വയസ്സുകാരി ഉൾപ്പെടെ പതിനാല് കുട്ടികൾ. മുട്ടുങ്കൽ പാലത്തിനു സമീപത്തു നിന്ന് മുതൽ വിളയങ്ങാട്ടിൽ കടവ് വരെ ഒന്നര കിലോമീറ്റർ പുഴയാണ് കുട്ടികൾ നീന്തിയത്.
വൈക്കം സ്വദേശികളായ ഹരിലാൽ-ആർദ്ര ദമ്പതികളുടെ മകളായ മൂന്നര വയസ്സുകാരി ഹരിദ്ര, അഞ്ച് വയസ്സുകാരൻ കേദാർ, അർഷിൻ അരുൺ, അർണവ് അരുൺ, ദ്രുവദ് ബിനോയി എന്നിവർക്കൊപ്പം വേമ്പനാട് കായൽ നീന്തിക്കടന്നു നാടിനു അഭിമാനമായി മാറിയ ബദ്രി ആർ നാഥ്, എസ് വൈശാലി വിശാൽ,പി ഹരിലാൽ, എംഎസ് അരുൺ കുമാർ,എസ് ഷിനു, എം അഖിൽമോൻ,വി എൽ അരുൺ, സി വി റിനോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഉദയനാപുരം ശ്രീ മുരുകാ നീന്തൽ ക്ലബ്ബിലെ പരിശീലകനായ ഷാജികുമാർ ടി യുടെ നേതൃത്വത്തിലാണ് നീന്തിക്കയറിയത്. നിരവധിപ്പേരാണ് കുട്ടികളുടെ ആവേശകരമായ നീന്തൽ കാഴ്ചകൾ കാണാനായി എത്തിയത്. ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര തീരസംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു മുട്ടുങ്കൽ കടവിൽ ഫ്ലാഗ് ഓഫ് ചെയ്തു. മൂവാറ്റുപുഴയാർ നീന്തിക്കയറിയ മിടുക്കരെ വിളയങ്ങാട്ടിൽ കടവിൽ വടയാർ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ ചാണപ്പള്ളിയും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും പുഴ സംരക്ഷണ സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.