കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേയും ആരോഗ്യകേന്ദ്രങ്ങളിലേയും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവിലും മരുന്ന് ക്ഷാമത്തിലും സർക്കാർ മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം ആശുപത്രികളോട് പ്രാദേശികമായി മരുന്നുകൾ വാങ്ങണമെന്ന് നിർദേശിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എല്ലാ അവശ്യമരുന്നുകളും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ചേമ്പറിലെ യോഗത്തിനു ശേഷം അറിയിച്ചെങ്കിലും സർക്കാർ മരുന്നുകൾ വിതരണം ചെയ്യേണ്ടതിനു പകരം മരുന്നുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മാത്രമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകിയിരിക്കുന്നത്.
ഏതെങ്കിലും ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ജില്ലയിലെ മറ്റു ആശുപത്രികളില്‍ നിന്ന് പുനര്‍വിതരണം നടത്തി സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് ഒരു ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്ന് മറ്റൊരു ആശുപത്രിയിൽ നിന്നെത്തിക്കുമ്പോൾ അവിടെയും മരുന്നിനു ക്ഷാമം നേരിടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
കൂടാതെ ആവശ്യമെങ്കില്‍ പ്രാദേശികമായിത്തന്നെ മരുന്ന് വാങ്ങി ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫീസിര്‍മാര്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനറല്‍ ആശുപത്രി (736 ഇനം), ജില്ലാ ആശുപത്രി (630 ഇനം), താലൂക്ക് ആശുപത്രി (629 ഇനം), 24x7 പ്രാഥമിക ആരോഗ്യകേന്ദ്രം (363 ഇനം), കുടുംബാരോഗ്യ കേന്ദ്രം (297 ഇനം), പ്രാഥമിക ആരോഗ്യകേന്ദ്രം (296 ഇനം) മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും എല്ലാ അവശ്യമരുന്നുകളും ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. ജീവിതശൈലി രോഗങ്ങളായ ഷുഗറിനും കൊളസ്ട്രോളിനും മാത്രമല്ല ഗുരതര രോഗങ്ങൾക്കുമുള്ള മരുന്നുകളും സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല.
അടിയന്തരമായി മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നതിന് പകരം സ്വകാര്യ കമ്പനികൾക്ക് വിപണിയിൽ സജീവമാകാനുള്ള അവസരമാണ് ഇപ്പോൾ സർക്കാർ ഒരുക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.