കോട്ടയം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, ഡിക്കത്തലോണുമായി സഹകരിച്ച് സംഘടിപ്പിച്ച “റൺ ഫോർ യുവർ ഹാർട്ട്–കാരിത്താസ് മാരത്തോൺ 2026” വർണ്ണാഭമായി സമാപിച്ചു.
“ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവെപ്പ്”എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാരത്തോണിൽ പൊതുജനങ്ങളും ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ 500 ഓളം പേരാണ് പങ്കെടുത്തത്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി മത്സരാർത്ഥികൾക്കൊപ്പം ഓടാൻ “കുട്ടാപ്പി ദ റോബോ 3.0”യും കാരിത്താസിലെത്തി. കേരളത്തിലെ ആരോഗ്യരംഗത്ത് ഇതാദ്യമായാണ് മാരത്തോൺ ഓടാൻ ഒരു റോബോട്ട് പങ്കാളിയാവുന്നത്.
സാങ്കേതികവിദ്യയും ആരോഗ്യബോധവൽക്കരണവും സമന്വയിപ്പിച്ച ഈ പ്രത്യേക സാന്നിധ്യം മാരത്തണിന് കൂടുതൽ ശ്രദ്ധ നൽകി. രാവിലെ 6:00 മണിക്ക് കാരിത്താസ് മാതാ ആശുപത്രിയിൽ നിന്നാരംഭിച്ച 10 കിലോമീറ്റർ മാരത്തോൺ കാരിത്താസ് റൗണ്ട്, പട്ടിത്താനം, ഏറ്റുമാനൂർ എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി തിരികെ കാരിത്താസ് മാതാ ആശുപത്രിയിൽ തന്നെ സമാപിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സി.ഐ. പ്രശോഭ് കെ. കെ. മാരത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ.ഡോ. ബിനു കുന്നത്ത്, ഫാ. ജോൺ പൂച്ചക്കാട്ടിൽ, ഫാ. സൈജു പുത്തൻപറമ്പിൽ, ഫാ. ജോയ്സ് നന്ദികുന്നേൽ, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി ഡോ. ജോണി ജോസഫ്, മറ്റ് ഡോക്ടർസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പുരുഷ–വനിതാ വിഭാഗങ്ങളിൽ 50 വയസ്സിന് താഴെയുള്ളവർക്കും 50 വയസ്സിന് മുകളിലുള്ളവർക്കുമായി വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
ഓരോ വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച റൺ ഫോർ യുവർ ഹാർട്ട്–കാരിത്താസ് മാരത്തൺ 2026 വൻ വിജയമായി. ഹൃദയാരോഗ്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ പുതുമയാർന്ന സാന്നിധ്യമായ കുട്ടാപ്പി ദ റോബോ 3.0യുടെ പങ്കാളിത്തവും മാരത്തണിന്റെ മാറ്റ് കൂട്ടി.