ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാതെ നഗരസഭാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത്.

പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതെന്നു ഇപ്പോഴും നഗരസഭയോ ആരോഗ്യ വിഭാഗമോ വെളിപ്പെടുത്തിയിട്ടില്ല. പഴകിയ ചോറ്, ബിരിയാണി, വറുത്തതും കറി വെച്ചതുമായ ഇറച്ചികൾ, മീൻ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഭക്ഷ്യവസ്‌തുക്കൾ നഗരസഭാ കവാടത്തിന് മുന്നിൽ പ്രദർശിപ്പിച്ചപ്പോഴും ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തതെന്നു മാത്രം വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുക്കുമ്പോൾ ഇപ്പോൾ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാറില്ല. തുശ്ചമായ തുക പിഴ ഈടാക്കിയ ശേഷം കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ് പതിവ്.

എന്നാൽ പഴകിയ ഭക്ഷണങ്ങൾ വിളമ്പി നൽകി ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരുകൾ പുറത്തു വിടാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിശന്നെത്തുന്നവർക്ക് മുന്നിലേക്ക് ഇത്തരം ഹോട്ടലുകൾ വിളമ്പുന്നത് അങ്ങേയറ്റം വിഷമയമായ ഭക്ഷണമാണെന്ന സത്യം കാഴ്‌ചക്കാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചുവെന്ന് നഗരസഭ കൗൺസിലർ ഇ എസ് ബിജു പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തി പഴകിയ ഭക്ഷണം വിതരണം ചെയ്‌ത ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിടേണ്ടത് അത്യാവശ്യമാണെന്നും ഇഎസ്‌ബിജു പറഞ്ഞു. പഴകിയ ഭക്ഷണം സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌താൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ടോമി പുളിമാന്തണ്ടം വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളുടെ പേരുവിവരങ്ങൾ ആരോഗ്യ വിഭാഗം ഇതുവരെ കൈമാറിയിട്ടില്ലെന്നും തെറ്റ് തിരുത്താൻ അവർക്ക് ഒരു അവസരം കൂടി നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.