പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. പെരിങ്ങുളത്ത് ഉറവപ്ലാവിൽ ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്.
മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും ഭാര്യ കുഞ്ഞുഞ്ഞുമ്മയും അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. ഇവരെ സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. മംഗളഗിരിയില്‍ മണ്ണിടിച്ചില്‍ ഒരു വീട് പൂര്‍ണമായും ഒലിച്ച് പോയി. മറ്റൊരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായും വിവരം. കൊച്ചരുവിയോട് ചേര്‍ന്നുള്ള വീടുകളാണ് നശിച്ചത്.
കോട്ടയില്‍ അരുണിന്റെയും ബന്ധുവിന്റെയും വീടാണ് തകര്‍ന്നത്. കഴിഞ്ഞ പ്രളയത്തിന് പിന്നാലെ വീട്ടില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ പ്രളയത്തിലും മംഗളഗിരിയില്‍ ഉരുള്‍പൊട്ടിയിരുന്നു. തലനാട് മേസ്തിരിപടി ഭാഗത്തും തീക്കോയി പള്ളിവാതില്‍ പാലത്തിലും വെള്ളം കയറിയിട്ടുണ്ട്.