ഈരാറ്റുപേട്ട: കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയിലുണ്ടായ മഴക്കെടുതിയിൽ പൊലിഞ്ഞത് 2 ജീവനുകൾ. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ഗൃഹനാഥനും വാഗമൺ റോഡിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു വിനോദ സഞ്ചാരിയായ യുവതിയുമാണ് മരിച്ചത്.
പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ആണ് ഗൃഹനാഥൻ മരണപ്പെട്ടത്. പെരിങ്ങുളത്ത് ഉറവപ്ലാവിൽ ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്ത് താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും ഭാര്യ കുഞ്ഞുഞ്ഞുമ്മയും അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി. ഇവരെ സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് ആണ് വിനോദ സഞ്ചാരിയായ യുവതി മരണപ്പെട്ടത്.
തമിഴ്നാട് ചെന്നൈ സ്വദേശിനി സംഗീത അരുൾലാൽ(35) ആണ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. സ്‌കൂട്ടറിൽ വാഗമണ്ണിലെത്തിയതായിരുന്നു സംഗീത. സംഗീതയ്‌ക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചതായാണ് വിവരം.
ഈരറ്റുപേട്ട– വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. 2 കാറുകൾക്ക് മുകളിലേക്കും മണ്ണിടിഞ്ഞു വീണെങ്കിലും അപകടത്തിൽ ആളപായമോ ആർക്കും പരിക്കോ സംഭവിച്ചിട്ടില്ല.