ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിഞ്ഞുവീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശിനി സംഗീത അരുൾലാൽ(35) ആണ് മരിച്ചത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം.
സ്‌കൂട്ടറിൽ വാഗമണ്ണിലെത്തിയതായിരുന്നു സംഗീത. സംഗീതയ്‌ക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചതായാണ് വിവരം. ടീം നന്മക്കൂട്ടം പ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഹെൽമറ്റ് ഉൾപ്പെടെ കണ്ടത്തിയത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു.
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ വി.പി നാസർ എന്നിവർ ഹോസ്പിറ്റലിൽ തുടർനടപടികൾക്ക് നേതൃത്വം നൽകുന്നു. ഈരറ്റുപേട്ട– വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. 2 കാറുകൾക്ക് മുകളിലേക്കും മണ്ണിടിഞ്ഞു വീണെങ്കിലും അപകടത്തിൽ ആളപായമോ ആർക്കും പരിക്കോ സംഭവിച്ചിട്ടില്ല.
മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് വാഗമൺ വഴിക്കടവ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിലായിരുന്നു. രാത്രി 8 മണിയോടെ ഗതാഗതക്കുരുക്ക് മാറി വാഹനങ്ങൾ കടന്നു പോകാൻ ആരംഭിച്ചിട്ടുണ്ട്.