മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോട്ടർ ടിവിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം, രേഖകളില്‍ ഇപ്പോഴും ഉടമ നികേഷ് കുമാര്‍, റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ


കോട്ടയം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്. മെസ്സിയുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണു ഷോൺ ജോർജ് ആരോപിക്കുന്നത്.

കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷോണ്‍ ജോര്‍ജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചാനലിന്റെ രജിസ്ട്രേഷനിലും വിദേശത്തേക്ക് പണമയച്ചതിലും ജിഎസ്ടി രജിസ്ട്രേഷനിലും നികുതി വെട്ടിപ്പും തട്ടിപ്പും നടന്നതായി ആരോപിച്ചു ഷോൺ ജോർജ്ജ് വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. എസ്‌എഫ്‌ഐഒ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സിബിഐ, ജിഎസ്ടി വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം തുടങ്ങിയ ഏഴ് കേന്ദ്ര ഏജൻസികൾക്കാണ് ഷോൺ ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്.

മെസ്സി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെങ്കിലും, കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും അന്വേഷണം വഴിവെക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് ലക്ഷം രൂപ മാത്രം മൂലധനമായി തുടങ്ങി ബ്രോഡ്കാസ്റ്റ് കമ്പനി നടത്താൻ ചട്ടപ്രകാരം കഴിയില്ലെന്നും, വർഷങ്ങളായി ചാനലിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്ന കമ്പനിയുടെ പേര് ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ എന്നാണെന്നും കമ്പനി രേഖകളിൽ എം.വി. നികേഷ് കുമാറാണ് ഉടമയായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു.

2023ൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതായി പറയുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളിൽ ഇപ്പോഴും നികേഷ് കുമാറിന്റെ പേരാണ് കാണുന്നത്. കമ്പനി ആരംഭിക്കുമ്പോൾ 10 ലക്ഷം രൂപ മാത്രമാണ് മൂലധനമായി ഉണ്ടായിരുന്നതെന്നും, ബ്രോഡ്കാസ്റ്റിങ് രംഗത്ത് പ്രവർത്തിക്കുന്നതിന് ചുരുങ്ങിയത് 20 കോടി രൂപയെങ്കിലും മൂലധനമായി ആവശ്യമുണ്ട്. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ചാനല്‍ പ്രവര്‍ത്തിച്ചതെന്നും ഷോൺ കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് ആവശ്യമായ സാമ്പത്തിക ശേഷിയുണ്ടോയെന്നതും പരിശോധിക്കണമെന്നും ർഷങ്ങളായി കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെന്നും ഓഡിറ്റ് നടക്കാത്ത സാഹചര്യത്തിൽ കമ്പനിയുടെ ഓഡിറ്റർ രാജിവെച്ചതായും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് പണം അയച്ചതിൽ പിണറായി വിജയന്റെയും മുൻ കായികമന്ത്രിയുടെയും കായിക വകുപ്പ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും അടിയന്തരമായി ചാനല്‍ അടച്ചുപൂട്ടുകയും വേണം. സംസ്ഥാനത്ത് വന്‍തോതില്‍ ജി.എസ്.ടി നികുതി വെട്ടിപ്പാണ് ചാനല്‍ മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. ഇതിന് പിന്നിലെ സാമ്പത്തിക ശൃംഖലയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട് എന്നും ഷോൺ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിലും പ്രവർത്തന രീതികളിലും സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും പണം നൽകി വാർത്തകളുടെ ദിശ മാറ്റുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഷോൺ ജോർജ് പറഞ്ഞു.