തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30-നും 12.30-നും ഇടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
സംസ്‌ഥാനത്ത് ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോഗവും കൂടിയത്. മഴ കാരണം കൽക്കരി ഇല്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപ്പാദനം കുറഞ്ഞു. സംസ്‌ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെയുള്ള അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ ഉപഭോഗവും കൂടിയിട്ടുണ്ട്. വേനല്കാലത്തേതിന് സമാനമായ കോടാനു നിലവിൽ സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. പകൽ സമയങ്ങളിൽ വിവിധയിടങ്ങളിൽ ഇടവിട്ട് വൈദ്യുതി തടസ്സപ്പെടുന്നുണ്ട്.