തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. തിരക്ക് നിയന്ത്രിക്കുന്നതിന് തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ബോധവത്കരണം നടത്തും.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നല്‍കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കും. മരക്കൂട്ടം ഉള്‍പ്പെടെയുള്ള പ്രധാന പാതകളിലെ ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ മോക്ക് ടെസ്റ്റുകളും നടത്തും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളും പോലീസ് സേവനങ്ങളും കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കും. തീര്‍ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലയ്ക്കലിലും ചക്കുപാലത്തും പാര്‍ക്കിങ് സൗകര്യം കാര്യക്ഷമമാക്കും. ചക്കുപാലത്തെ മണ്ണ് നീക്കി 400 മുതല്‍ 500 വരെ അധിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. തീര്‍ഥാടക വാഹനങ്ങളുടെ ഫിറ്റ്‌നസും വേഗവും കര്‍ശനമായി പരിശോധിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സിസിടിവി നിരീക്ഷണം ശക്തിപ്പെടുത്തി പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. കുന്നാര്‍ ഡാം, പാണ്ടിത്താവളത്തെ വാട്ടര്‍ ടാങ്ക്, എല്‍പിജി സിലിണ്ടര്‍ സംഭരണ കേന്ദ്രങ്ങള്‍, വെടിമരുന്ന് സൂക്ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.
ആവശ്യമായ സ്ഥലങ്ങളില്‍ മതിയായ വെളിച്ചവും ഉറപ്പാക്കും. സന്നിധാനത്തും പമ്പയിലും വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും പോലീസ് വെരിഫിക്കേഷന്‍ നടത്തും. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് കര്‍ശനമായി തടയും.