മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി 51 നാൾ മാത്രം; മുന്നൊരുക്കങ്ങളാരംഭിക്കാതെ എരുമേലി, മാലിന്യ പ്രശനങ്ങൾക്കും ഗതാഗതക്കുരുക്കിനും പരിഹാരം വേണ


എരുമേലി: ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന മണ്ഡല-മകരവിളക് തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി 51 നാളുകൾ മാത്രം ബാക്കിനിൽക്കെ എരുമേലിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. ഗതാഗതക്കുരുക്കും മാലിന്യ പ്രശനങ്ങളുമാണ് എരുമേലിയെ സീസൺ കാലങ്ങളിൽ ഏറ്റവുമധികം വലയ്ക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ശബരിമലയിൽ തിരക്ക് വർധിക്കുന്നതോടെ എരുമേലിയിൽ തീർത്ഥാടകരെ തടയുകയാണ് ചെയ്യുന്നത്. തീർത്ഥാടകരെ കടത്തി വിടാതിരിക്കാൻ പാർക്കിങ് മൈതാനത്തും റോഡിലും പോലീസ് വടം കെട്ടി റോഡ് ബ്ലോക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു. ഇതിന്റെ വാഹനം കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് തീർത്ഥാടകർ റോഡ് ഉപരിധിക്കുകയും ചെയ്യുന്നതോടെ നാട്ടുകാർ ഉൾപ്പടെയുള്ള മറ്റു യാത്രക്കാരും പ്രതിസന്ധിയിലാകുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ വർഷം പല തവണയാണ് എരുമേലി കവലയിലും ചരളയിലും പോലീസ് സ്റ്റേഷൻ ഭാഗത്തും പോലീസ് റോഡിനു കുറുകെ വടം കെട്ടി വാഹനങ്ങൾ ബ്ലോക്ക് ചെയ്തത്. സമാന്തര പാതകൾ കൃത്യമായി ഉപയോഗിക്കാത്തതും യഥാസമയങ്ങളിൽ നഗരത്തിൽ തിരക്ക് വർധിക്കുമ്പോൾ ഈ റോഡുകൾ വഴി വാഹനങ്ങൾ വഴി തിരിച്ചു വിടാത്തതുമാണ് ഗതാഗതക്കുരുക്കിന് കാരണം. ശബരിമലയിൽ തിരക്ക് വർധിച്ചതോടെ കാനന പാതയിലൂടെ പോകുന്ന തീർത്ഥാടകരെയും പോലീസ് തടഞ്ഞിരുന്നു.

മണിക്കൂറുകളോളം വെയിലത്ത് നിൽക്കുകയായിരുന്ന തീർത്ഥാടകർക്ക് പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. എരുമേലി-മുണ്ടക്കയം റോഡിലും എരുമേലി-റാന്നി റോഡിലും എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. എരുമേലിയിൽ തിരക്ക് വർധിക്കുന്നതോടെ സ്വകാര്യ ബസ്സുകൾ എരുമേലിയിലേക്ക് വരാതെ പകുതി വഴിക്ക് സർവ്വീസ് അവസാനിപ്പിക്കുന്നതുന നാട്ടുകാർക്കും മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പിന്നീട് കിലോമീറ്ററുകളോളം നടന്നാണ് എരുമേലിയിൽ എത്തി മറ്റു സ്ഥലങ്ങളിലേക്കുള്ളവർ ബസ്സ് കാത്തു നിൽക്കുന്നത്. സീസൺ ആരംഭിക്കുന്നത് മുതൽ എരുമേലി നേരിടുന്ന വലിയ പ്രശ്‌നമാണ് മാലിന്യം. വിശുദ്ധി സേന രാവിലെയും വൈകിട്ടും പേട്ടതുള്ളൽ പാത തൂത്തു വാരി വൃത്തിയാക്കുന്നുണ്ടെങ്കിലും മറ്റു ഭാഗങ്ങളിലും പാർക്കിങ് മൈതാനങ്ങളിലും മറ്റു റോഡ് സൈഡുകളിലും മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നടത്തുന്ന അവലോകന യോഗം പ്രഹസനമാണെന്നാണ് വിമർശനം ഉയരുന്നത്. എരുമേലിയിൽ രാസ സിന്ദൂരം, പാക്കറ്റ് ഷാംപൂ എന്നിവയുടെ വിൽപ്പനയും ഉപയോഗവും കഴിഞ്ഞ വർഷം കോടതി വിലക്കിയെങ്കിലും രാസസിന്ദൂരത്തിന്‍റെ വിൽപന തകൃതിയായി നടന്നു. തീർഥാടന നാളിൽ എരുമേലി ടൗണിന് സമീപത്തുകൂടെ ഒഴുകുന്ന വലിയ തോട്ടിലെ ജലം വലിയതോതിൽ മലിനമാകുന്നു. ജലത്തിൽ കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഇതുവഴി മലിനമാകുന്നു. തോട് സംരക്ഷിക്കാൻ സ്ഥിരം സംവിധാനം ഒരുക്കുമെന്ന വാഗ്ദാനങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്. കുത്തുകയറ്റം വരുന്ന കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കാൻ ബദൽപാത നിർമിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ, നാളിതുവരെ അതിന് കഴിഞ്ഞിട്ടില്ല. നിലവിൽ മണ്ഡല - മകരവിളക്ക് കാലത്ത് തീർഥാടകരുടെ വലിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടാറില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്ന കണമലയിലെ ഇറക്കം ഒഴിവാക്കി എരുത്വാപ്പുഴയിൽനിന്നും കണമലയിലേക്ക് സമാന്തരപാത നിർമിച്ചെങ്കിലും നിർമാണത്തിന്‍റെ അപാകതമൂലം ഇതുവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത അവസ്ഥയിലാണ്. അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് എരുമേലി കെഎസ്ആർടിസി സ്റ്റാൻഡും കെട്ടിടവും. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായതോടെ ജനപ്രതിനിധികളുടെ ഇടപെടലിൽ ഓഫിസുകൾക്ക് പ്രവർത്തിക്കാൻ ദേവസ്വം ബോർഡ് കെട്ടിടത്തിൽ രണ്ടു മുറികൾ താൽക്കാലികമായി നൽകിയിരുന്നു. എന്നാൽ, ഇപ്പോഴിത് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പലതവണ കെ.എസ്.ആർ.ടി.സിക്ക് നോട്ടീസും നൽകിയിരുന്നു. ഇത്തവണയെങ്കിലും പരാതികളില്ലാതെ മണ്ഡല-മകരവിളക്ക് കാലം കഴിഞ്ഞു പോകുമോ എന്നാണു നാട്ടുകാർ ഉറ്റുനോക്കുന്നത്.