എരുമേലി: എരുമേലി കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലെ പാതാളക്കുഴികൾക്ക് താൽക്കാലിക ആശ്വാസം. ബസ്സ് സ്റ്റാൻഡിലെ നടുവൊടിക്കുന്ന കുഴികളടച്ചു.
എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം നാസർ പനച്ചിയുടെ നേതൃത്വത്തിൽ ഡിപ്പോയിലെ കുഴികൾ പാറമക്ക് ഇട്ടശേഷം ജെസിബി ഉപയോഗിച്ച് ഉറപ്പിച്ചു. നാളുകളായി രൂപപ്പെട്ട കുഴികൾ വലിയ ഗർത്തങ്ങളായി മാറിയിരുന്നു. കുഴിയിൽ ചാടി യാത്രക്കാരുടെ നടുവൊടിയുന്നതിനൊപ്പം ബസ്സുകളുടെ പ്ലേറ്റ് ഒടിയുന്നതും നിത്യസംഭവമായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം യുഡിഎഫ് സർക്കാരിന്റെ സ്ത്രീ സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ നൂറാം ദിവസ ആഘോഷ പരിപാടികൾ ഡിപ്പോയിൽ സംഘടിപ്പിച്ചപ്പോൾ ജീവനക്കാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം നാസർ പനച്ചിയുടെ നേതൃത്വത്തിൽ ഡിപ്പോയിലെ കുഴികൾ താൽക്കാലികമായി അടച്ചുറപ്പിക്കുകയായിരുന്നു.