കോട്ടയം മെഡിക്കൽ കോളേജ് തെരുവുനായ്ക്കളുടെ താവളമാകുന്നു; ചികിത്സയ്ക്ക് എത്തിയ അഞ്ചു വയസുകാരിക്ക് കടിയേറ്റു, ഭീതിയിൽ രോഗികളും കൂട്ടിരിപ്പുകാർക്കും.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ സ്വൈര്യ വിഹാരം നടത്തി തെരുവുനായ്ക്കൾ, മെഡിക്കൽ കോളേജ് ആശുപത്രി തെരുവുനായ്ക്കളുടെ താവളമാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിൽ ഒരു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ അഞ്ച് വയസുകാരിയായ കുട്ടിയുടെ കഴുത്തിലാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ മുഖത്തും നായ മാന്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പല മേഖലകളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. പകലും രാത്രിയിലും കൂട്ടമായി തെരുവുനായ്ക്കൾ പലഭാഗങ്ങളിലും വിഹരിക്കുകയാണ്.

തെരുവുനായ്ക്കളുടെ എണ്ണം കൂടിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവൻ പണയം വെച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നടക്കുന്നത്. ആശുപത്രി പരിസരത്തു നിന്നും യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതാണ് തെരുവുനായ്ക്കൾ ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത്.

നായകളുടെ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം. ചികിത്സയ്ക്കെത്തിയ കുഞ്ഞിന് ആശുപത്രി വളപ്പിൽ തന്നെ തെരുവുനായയുടെ കടിയേറ്റ സംഭവം സുരക്ഷാ സംവിധാനങ്ങളെയും ചോദ്യം ചെയ്യുകയാണ്.