കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം: റോണി കെ ബേബി എംഎൽഎ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ 2 വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു.

ശാസ്‌താംകാവിൽ വലിയതോട് കൊല്ലക്കൊമ്പ് കടവിൽ ചെക്ക് ഡാം കം ട്രാക്‌ടർ ബ്രിജിൻ്റെ രൂപരേഖക്ക് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതായി എംഎൽഎ അറിയിച്ചു. 1.88 കോടി രൂപയുടെ ഭരണാനുമതി മുൻപ് ലഭിച്ചിരുന്നു എങ്കിലും വർഷങ്ങളായി പദ്ധതി സാങ്കേതിക കുരുക്കിൽ പെട്ടു കിടക്കുകയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ തോടിന്റെ ഇരുകരകളും ഇടിഞ്ഞുതാഴ്ന്നതോടെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമാവ്-അരുവിക്കുഴി റോഡിൻ്റെ ടെൻഡർ നടപടികൾ PMGSY കമ്മിറ്റി ഇന്ന് അംഗീകരിച്ചു.

സെലക്ഷൻ നോട്ടീസ് ആയി. വർക്ക് ഓർഡർ അടുത്ത ദിവസം പുറത്ത് ഇറങ്ങും എന്നും എംഎൽഎ പറഞ്ഞു. ഒരു ആഴ്ച്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വർഷങ്ങളായി തകർന്നു കിടന്ന റോഡിന് 87.21 ലക്ഷം രൂപ കൂടുതൽ അനുവദിച്ച് 468.06 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി കഴിഞ്ഞ മാസം സർക്കാർ നൽകിയിരുന്നു.