ജനവാസമേഖലയെയും കൃഷിഭൂമിയെയും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: ഓർത്തഡോക്സ് സഭ.


കോട്ടയം : വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം എന്ന് ഓർത്തഡോക്സ് സഭ പ്രസ്താവനയിൽ അറിയിച്ചു.

ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. നിർഭാഗ്യവശാൽ ജനത്തെ ഇരുട്ടിൽ നിർത്തുന്നതാണ് പല വിജ്ഞാപനങ്ങളും. മലയോരമേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുമ്പോൾ ഭാവിയിൽ എന്തിനും ഏതിനും വനം,പരിസ്ഥിതി വകുപ്പുകളുടെ അനുമതി തേടേണ്ട സ്ഥിതി സംജാതമാകും. ഇ.എസ്.എ വിജ്ഞാപനം മലയോരമേഖലയെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ വികസനത്തെ ബാധിക്കുന്നതാണ്.

മലയോരജനതയുടെ ആശങ്കകൾ പരിഗണിക്കണം. അവരുടെ മനോവേദന തിരിച്ചറിഞ്ഞ് തീരുമാനം കൈക്കൊള്ളണം.വിജ്ഞാപനത്തിനെതിരെ പരാതിയും ആശങ്കയും അറിയിക്കാനുള്ള കാലാവധി നീട്ടണം. വിദഗ്ധ സമിതി മലയോരമേഖലകൾ സന്ദർശിച്ച് വസ്തുത മനസിലാക്കണം. മലയോര ജനത പരിസ്ഥിതി സംരക്ഷണ വിരുദ്ധരല്ല.

അവർ കൂടി നട്ടുപിടിച്ച മരങ്ങളാണ് ഈ നാടിനെ ഹരിതാഭമാക്കുന്നത്. ഇ.എസ്.എ വനമേഖലയിൽ മാത്രമായി നിജപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാം. കേരളത്തിലെ പ്രത്യേകസാഹചര്യം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണം എന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രസ്താവനയിൽ അറിയിച്ചു.

Next
This is the most recent post.
Previous
Older Post