കോട്ടയം: കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിൽ കനത്ത മഴയാണ്. പാലാ, ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.
വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സം നേരിട്ടു. നദിയിൽ കലങ്ങിമറിഞ്ഞ വെള്ളമാണ്. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായോ എന്ന് സംശയമുണ്ട്. തീക്കോയി-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ 2 കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ പലഭാഗങ്ങളിലും റോഡിലേക്ക് ശക്തമായ വെള്ളമൊഴുക്കാണ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കാണ്.