കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ; മീനച്ചിലാറിൽ ജലനിരപ്പുയർന്നു, തീക്കോയി-വാഗമൺ റൂട്ടിൽ കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ഈരാറ്റുപേട്ട-വാ


കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ. ഇന്ന് ഉച്ചക് ശേഷമാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്‌തത്‌. തീക്കോയി,തലനാട്,പൂഞ്ഞാർ, അടിവാരം,വാഗമൺ മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു.

ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയി-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ 2 കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ പലഭാഗങ്ങളിലും റോഡിലേക്ക് ശക്തമായ വെള്ളമൊഴുക്കാണ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.

നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇന്ന് ഉച്ചക്ക് ശേഷം മഴ ആരംഭിച്ചെങ്കിലും 4 മണിയോടെയാണ് മഴ കൂടുതൽ ശക്തമായത്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.

മലയോര മേഖലകളിൽ നിന്നും ശക്തമായ മലവെള്ളപാച്ചിലാണുണ്ടാകുന്നത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്നുള്ള സംശയവും നാട്ടുകാർക്കിടയിലുണ്ട്.