തീക്കോയി മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം, ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഉയരാൻ സാധ്യത, വാഗമൺ- തീക്കോയി മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്, വാഗമണ്ണിൽ വാഹനങ്ങൾ


ഈരാറ്റുപേട്ട: കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.

വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. തീക്കോയി വന മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം ബലപ്പെടുന്നുണ്ടെങ്കിലും വിവരങ്ങൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ  പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുടെ സാധ്യത വർധിക്കും.

വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. 2 കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് മുൻകരുതൽ-രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കനത്ത മഴയിൽ ഈരാറ്റുപേട്ട കാരക്കാട് റോഡിൽ ശക്തമായ വെള്ളമൊഴുക്കാണ് അനുഭവപ്പെട്ടത്.