മണിമല: കോട്ടയം മണിമലയിൽ മധ്യവയസ്കനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ 6 പ്രതികളുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വൻ പോലീസ് സന്നാഹത്തിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കറിക്കാട്ടൂർ സ്വദേശി വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാൻ (48)നെ ആണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിപിഎം മണിമല പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറായ ജോജി ജോൺ(43), നിഖിൽ അയ്യപ്പൻ(25), ഷിബിൻ സാം(26), അമൽ രാജ്(19), ജോബിൻ രാജൻ(28), കിരൺ(21) എന്നിവരെ മണിമല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഷിബു ഖാനും സുഹൃത്തും ചേർന്ന് ജോജി ജോണിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ മർദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പിന്നാലെ ജോജി ജോണും സുഹൃത്തുക്കളും ചേർന്ന് ഷിബുവിനെയും സുഹൃത്തിനെയും സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മർദനത്തിൽ ഭയന്നോടിയ ഷിബുവിനെ പ്രതികൾ പിന്തുടർന്ന് ആക്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്തും മദ്യപിച്ചിരിക്കുന്ന സമയത്താണ് ജോജി ജോണിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തത്.
തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മർദനം നടന്ന് പിറ്റേദിവസം ഷിബുവിനെ വീടിന് സമീപത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങൾക്കുണ്ടായ തകർച്ചയുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിമല പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുന്ന ആറുപേരെയും റിമാൻഡ് ചെയ്ത ശേഷം കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ നീക്കം. സംഭവത്തിന് ശേഷം കാണാതായ ഷിബുവിൻ്റെ സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊലപാതക സമയത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. രാഷ്ട്രീയ ബന്ധമുള്ള വ്യക്തി കേസിൽ ഉൾപ്പെട്ടതിനാൽ വളരെ കരുതലോടെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.