കോട്ടയം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനില്‍(തൃക്കൊടിത്താനം) ഉപതെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന നാലുകോടി സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലും സെന്‍റ് തോമസ് സണ്‍ഡേ സ്കൂളിലും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സന്ദര്‍ശനം നടത്തി. സെപ്റ്റംബര്‍ 28നാണ് ഉപതെരഞ്ഞെടുപ്പ്. ജില്ലയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 3 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തൃക്കൊടിത്താനം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വിനു ജോബ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലെ അംഗങ്ങളുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.