കോട്ടയം: കോട്ടയത്ത് കല്യാണദിവസം ഭക്ഷണമെത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാറ്ററിംഗ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹന്റെ അറസ്റ്റാണ് കോട്ടയം ഈസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോട്ടയം കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ നടപടി.
കോട്ടയത്തും എറണാകുളത്തുമായി മൂന്ന് കേസുകളാണ് വിഷ്ണുനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലും കഴിഞ്ഞ ദിവസം നടന്ന രണ്ട് കല്ല്യാണങ്ങൾക്കാണ് ഭക്ഷണമെത്തിക്കാതെ മുൻകൂർ പണം വാങ്ങി തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാരും ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിയുന്നതും കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപ നൽകുന്നതും.
ഭക്ഷണത്തിനു ഓർഡർ നൽകിയ ദിവസം കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കൊടുത്തത്. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്. കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്.
മൂന്നു കുടുംബങ്ങളിൽ നിന്നായി ലക്ഷണക്കണക്കിനു രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്. മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോറ്റി ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപ വിഷ്ണു മുൻകൂർ വാങ്ങിയത്.
കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം സ്റ്റേജ് ഉൾപ്പടെ ഒരു ലക്ഷം രൂപയാണ് മുൻകൂറായി വാങ്ങിയത്. എറണാകുളം സ്വദേശി മകന്റെ വിവാഹത്തിനും മധുരംവയ്പ് ചടങ്ങിനും ഭക്ഷണവും സ്റ്റേജ് അലങ്കാരവും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് വിഷ്ണു വാങ്ങിയത്.
സംഭവത്തിൽ വിഷ്ണുവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതോടെ കൂടുതൽ പേരാണ് വിഷ്ണുവിനെതിരെ പരാതിയുമായി എത്തുന്നത്.