ഓണവിപണി കുടുംബശ്രീ കീഴടക്കി; ജില്ലയിൽ 2.33 കോടി രൂപയുടെ വിറ്റുവരവ്! വിതരണം ചെയ്തത് 9998 ഓണക്കിറ്റുകൾ, 10403 ഓണസദ്യകൾ.


കോട്ടയം: ഇത്തവണ കോട്ടയം ഓണം ആഘോഷിച്ചത് കുടുംബശ്രീക്കൊപ്പമാണ് എന്ന് പറഞ്ഞാൽ സംശയിക്കേണ്ടതില്ല, കാരണം ജില്ലയിൽ കുടുംബശ്രീയുടെ ഓണവിപണി റെക്കോർഡ് വരുമാന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

 

 23335201 രൂപയുടെ വിറ്റുവരാണ് കുടുംബശ്രീയ്ക്ക് ഈ ഓണക്കാലത്ത് ജില്ലയിൽ നിന്നും ലഭിച്ചത്. ഓണവിപണിയിൽ പച്ചക്കറി ഉത്പന്നങ്ങളുടെ വിപണനത്തിന് പുറമെ ഓണക്കിറ്റുകളും ഓണസദ്യയും പൂകൃഷിയും പച്ചക്കറി കൃഷിയിലൂടെയുമാണ് ജില്ലയിലെ കുടുംബശ്രീ ഈ നേട്ടം സ്വന്തമാക്കിയത്. ജില്ലയിലെ 154 ഓണവിപണന മേളകളിൽ നിന്നായി 14730661 രൂപ വരുമാനം ലഭിച്ചു.

 

 10403 ഓണസദ്യയിൽ നിന്നായി കുടുംബശ്രീയ്ക്ക് ലഭിച്ചത് 2440140 രൂപയാണ്. 9998 ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ നിന്നായി 6164400 രൂപ ലഭിച്ചു. സിഡിഎസ് തലത്തിൽ 153 ഓണവിപണന മേളകളും ഒരു ജില്ലാ മേളയുമാണ് നടത്തിയത്. വിവിധയിടങ്ങളിലായി 1200 ഏക്കറിലാണ് പച്ചക്കറികൾ കൃഷി ചെയ്തു വിളവെടുത്തത്. ജില്ലയിൽ 125 ഏക്കറിൽ പൂകൃഷിയും ചെയ്തിരുന്നു. പൂകൃഷിയിലൂടെ മാത്രം ലഭിച്ചത് 9.32 ലക്ഷം രൂപയാണ്. 4028.8 കിലോ പൂക്കൾ കുടുംബശ്രീ വിപണിയിൽ എത്തിച്ചു. ഓണക്കനി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത പച്ചക്കറികളിൽ 54400 കിലോ പച്ചക്കറികൾ വിപണിയിൽ എത്തിച്ചു. അഭിമാനകരമായ നേട്ടം സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷത്തിലാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ.