പുതുപ്പള്ളിയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനം, പുതുപ


പുതുപ്പള്ളി: പുതുപ്പള്ളിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ തൈക്കാട് PWD റസ്റ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു.

 

 പുതുപ്പള്ളിയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായതായി എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയുടെ റോഡ് വികസനത്തിന് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി പുതുപ്പള്ളിക്കായി പ്രത്യേക PWD സെക്ഷൻ അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയാതായി എംഎൽഎ പറഞ്ഞു.

 

 യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ കുമാരി സലിമോൻ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ്, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഷിജു എന്നിവരും പങ്കെടുത്തു. മണ്ഡലത്തിൽ നിലവിൽ തടസ്സപ്പെട്ടുകിടക്കുന്ന റോഡ്, പാലം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അടിയന്തര പ്രാധാന്യമുള്ള 16 റോഡ് പദ്ധതികൾക്കും 3 പാലം പദ്ധതികൾക്കും തുക അനുവദിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ തുടർന്ന് കേടുപാടുകൾ സംഭവിച്ച റോഡുകൾ സമയബന്ധിതമായി പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.