കള്ളൻ കടയിൽ തന്നെ! കോട്ടയം നാഗമ്പടം റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം; കവർന്നത് 73 ലാപ്ടോപ്പുകളും ഐഫോണുകളും ഐപാടുകളുമടക്കം 60 ലക്ഷം രൂപയുടെ സാധനങ്ങൾ,


കോട്ടയം: കോട്ടയം നാഗമ്പടം റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം. സംഭവത്തിൽ 2 ജീവനക്കാർ പിടിയിൽ. ജീവനക്കാരായ ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

 

 മൂന്നു വർഷമായി തുടരുന്ന മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. സ്ഥാപനത്തിൽ സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മൂന്നു വർഷത്തിനിടെ ഇവർ 73 ലാപ്ടോപ്പുകളും മൂന്ന് ഐഫോണുകളും മൂന്ന് ഐപാടുകളുംമടക്കം 60 ലക്ഷം രൂപയുടെ സാധനങ്ങൾ ആണ് മോഷ്ടിച്ചത്.

 

 സ്ഥാപനത്തിൽ 4 വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഇരുവരും കഴിഞ്ഞ മൂന്നു വർഷമായി തട്ടിപ്പ് നടത്തിയതായി കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ എറണാകുളത്തു വിറ്റതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇന്നലെ സ്റ്റോക്ക് പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്.