കോട്ടയം: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം ജിജി മാത്യുവിവിന്റേയും പരേതയായ ബെസ്സി ജിജി മാത്യുവിന്റെയും മകളും കോട്ടയം ചിങ്ങവനം പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യയുമായ ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം ഇന്ന് സാൻഫ്രാൻസിസ്കോയിലെ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.
സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെയാണ് പൊതുദർശനം. മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങളില്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ലഭിച്ചാലുടൻ തന്നെ മൃതദേഹം നാട്ടിലെത്തിക്കും.
മൃതശരീരങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള ആവശ്യമായ രേഖകൾ ലഭ്യമാക്കിയ ശേഷമായിരിക്കും ബന്ധുക്കൾ ഉൾപ്പടെയുള്ളവർ കേരളത്തിലേക്ക് തിരിക്കുക. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ആൻഡ്രീന(13 വയസ്സ്), അലീസ(5 വയസ്സ്) എന്നിവരാണ് മക്കൾ. സംസ്കാര ശുശ്രൂഷ പിന്നീട് കോട്ടയം പള്ളം സെൻറ് ഇഗ്ഗ്നേഷ്യസ് ജേക്കബറ്റ് സിറിയൻ പള്ളിയിൽ (കല്ലൂപ്പറമ്പിൽ പള്ളി) വച്ച് നടത്തും.