ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിനെതിരായ മാതാപിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത


കോട്ടയം: ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരായ മാതാപിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുടുംബത്തിന്റെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ സംഭവം അന്വേഷിക്കും. ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് പരിശോധിക്കുക. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. സംഭവത്തിൽ കോട്ടയം എസ്പിയോടും ആശുപത്രി സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയമായതിനാൽ പരാതിയിൽ ഗൗരവമായ പരിശോധന നടത്തുമെന്നും കുഞ്ഞിന് വേണ്ട പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്‌ണ വ്യക്തമാക്കി. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ജുവിന്റെ പ്രസവം.

ജനനത്തിനു പിന്നാലെ കുഞ്ഞിന് പനിയും, ശരീരത്തിന് മഞ്ഞപ്പും ഉണ്ടായതിനെത്തുടര്‍ന്ന് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് കുടുംബം ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വലതുഭാഗത്ത്, വാരിയെല്ലിന്റെ അടുത്തായി എന്തോ ഒന്ന് കൂര്‍ത്ത് ഉള്ളില്‍നിന്ന് തള്ളിനില്‍ക്കുന്നതുപോലെ ആയിരുന്നു അത്. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സ്കാനിങ് നടത്തി. സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് അധികൃതര്‍ കുടുംബത്തെ മടക്കിയയച്ചു. പലതവണ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കുഴപ്പം ഇല്ലെന്ന മറുപടി ആവര്‍ത്തിക്കപ്പെട്ടു. രണ്ടു മാസം മുമ്പ്, തടിപ്പ് വീണ്ടും വലുതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വാരിയെല്ലിനു സമീപത്തായുള്ളത് സൂചിയാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി പുറത്തെടുത്തത്. കുട്ടിയുടെ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജു ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.