കോട്ടയം: കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകത്തിൽ ആസൂത്രിതമായ പക വീട്ടലാണെന്ന നിഗമനത്തില്‍ അമേരിക്കന്‍ പോലീസ്. കേസില്‍ അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ രക്ത പരിശോധനാ ഫലം പുറത്തു വന്നു. 

അനിലയുടെ രക്തത്തില്‍ മദ്യമോ ലഹരിയോ ഇല്ല എന്ന് കണ്ടെത്തിയതോടെ യുവതി ബോധപൂർവ്വം ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32)യെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആൻ മേരി മാത്യുവിന്റെ മൃതദേഹം ഇന്ന് സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെയാണ് പൊതുദർശനം.

ആൻ മേരിയുടെയും അഞ്ജന ഹരിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങളില്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യമാണ്. മൃതശരീരങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള ആവശ്യമായ രേഖകൾ ലഭ്യമാക്കിയ ശേഷമായിരിക്കും ഇരുവരുടെയും ബന്ധുക്കൾ കേരളത്തിലേക്ക് തിരിക്കുക. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് മാറ്റി. ഇരുവരുടെയും വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയത്.