മാതൃമധ്യസ്ഥതയുടെ തിരുമുറ്റത്ത് പെൺകരുത്ത് ചരിത്രത്തിൽ ഇടംനേടി.


മണർകാട്: കത്തീഡ്രലിൽ തിരുത്തിക്കുറിക്കപ്പെട്ടത് ചരിത്രം. വിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിൽ അഭയപ്പെട്ട് പ്രാർഥനാപൂർവ്വം പൊൻ-വെള്ളി കുരിശുകളുമേന്തി റാസായിൽ അണിനിരക്കുക എന്നത് അത്യധികം കഠിനവും ത്യാഗനിർഭരവുമായ ഒരു ഉത്തരവാദിത്തമാണ്.

മണിക്കൂറുകളോളം നീളുന്ന ഈ ആത്മീയ ദൗത്യം കാലങ്ങളായി യുവാക്കളും മുതിർന്നവരുമായ പുരുഷന്മാരുടെ കൈകളിൽ മാത്രമാണ് സുരക്ഷിതമായിരുന്നത്. എന്നാൽ ആ പതിവ് രീതികളെ മാറ്റിമറിച്ചുകൊണ്ട് ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. കത്തോലിക്കാ സഭാംഗവും കത്തീഡ്രൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ആശ മേരി ജോർജ്ജ് റാസയിൽ ആദ്യാവസാനം പൊൻകുരിശ് നെഞ്ചിലേറ്റിക്കൊണ്ട് ചരിത്രത്താളുകളിൽ ആദ്യമായി സ്വന്തം പേര് എഴുതിച്ചേർത്തു.

കഠിനമായ ത്യാഗവും മനക്കരുത്തും കൈമുതലാക്കി വിശ്വാസത്തിന്റെ തിരുമുറ്റത്ത് അവർ കാഴ്ചവെച്ച ഈ ധീരമായ കാൽവെപ്പ് വിശ്വാസിസമൂഹത്തിനാകെ വലിയ ആവേശവും അഭിമാനവുമാണ് പകർന്നുനൽകിയത്. പെൺകരുത്തിന്റെ ആത്മീയ സാന്നിധ്യമാണ് അടയാളപ്പെടുത്തിയത്.